ടി വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആണ് സംഭവം. രാമന്തളിയില്‍ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത് . പൊട്ടിത്തെറിയെ തുടര്‍ന്ന് വീട് കത്തി നശിച്ചു. ഉച്ചയോടെ കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കെയാണ് സംഭവം. ആര്‍ക്കും അപകടത്തില്‍ പരുക്കില്ല. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചത്.

ടിവിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ കുട്ടികള്‍ പുറത്തേക്ക് ഭയന്ന് ഓടി. പുറത്ത് എത്തിയതും ടിവി പൊട്ടിത്തെറിച്ചതും ഒപ്പമായിരുന്നുവെന്നും വിവരം. പൊട്ടിത്തെറിയോടൊപ്പം വലിയ ശബ്ദവുമുണ്ടായി. വീട്ടിലും ചുറ്റുപാടും തീ പടര്‍ന്നുപിടിച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചാണ് തീ അണച്ചത്. ടി വിയുടെ കാലപ്പഴക്കമാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് ആദ്യ അനുമാനം.