കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത്. ‘ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ ഞാന്‍ വാക്കുകള്‍ തിരയുന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും വേഗം പരിശോധന നടത്താന്‍ അഭ്യര്‍ഥിക്കുന്നു.’- തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്മൃതി കുറിച്ചു.
ബിജെപിയുടെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി ഇറാനി പങ്കെടുത്തിരുന്നു. കോവിഡ് മഹാമാരിയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, സുശീല്‍ കുമാര്‍ മോദി, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.