ആരോഗ്യസേതു നിര്‍മ്മിച്ചത് ആര്?; ഉത്തരംമുട്ടി കേന്ദ്രം ; വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍
കൊറോണക്ക് എതിരെ പടപൊരുതാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു സംവിധാനം ആണ് ആരോഗ്യ സേതു ആപ്പ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔദ്യോഗിക ആപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസേതു ആപ്പ് ആരാണ് വികസിപ്പിച്ചത് എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം. ദേശീയ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേര്‍ന്ന് വികസിപ്പിച്ചതെന്ന് ആരോഗ്യസേതു ആപ്പില്‍ തന്നെ പറയുമ്പോഴാണ് കേന്ദ്രം മറുപടി പറയാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി.
സാമൂഹിക പ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചത്. വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം കമ്മീഷന് പരാതി നല്‍കുകയായിരുന്നു. വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് വിശദീകരിച്ചു കൊണ്ടാണ് ദേശീയ വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ആപ്പ് വികസിപ്പിച്ചത് ആരെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ പറഞ്ഞു. ബന്ധപ്പെട്ടവരോട് നവംബര്‍ 24ന് ഹാജരാകാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് പല കോണില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇത്തരത്തില്‍ ആശങ്ക പങ്കുവച്ചിരുന്നു. ആവശ്യത്തിലധികം വിവരങ്ങള്‍ ആപ്പ് ആവശ്യപ്പെടുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ കോണ്‍ടാക്ട്-ട്രേസിംഗ് ആപ്പുകളുടെ നിലവാരം ഇതിനില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. ജിപിഎസ് കേന്ദ്രീകരിച്ചുള്ള ലൊക്കേഷന്റെ ഡേറ്റ ഉപയോഗം ഏറെ അപകടകരമാണെന്നും ആരോപണം ഉയരുന്നു. കോടിക്കണക്കിന് ആളുകളാണ് ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ജോലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കേന്ദ്രം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു.