മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് കാണ്മാനില്ല എന്ന് കെ.സുരേന്ദ്രന്‍

രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാനക്കരാര്‍ ഏറ്റെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിയ ഐ ഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് കൈമാറിയ ആറ് ഐ ഫോണുകളില്‍ 1.14 ലക്ഷം രൂപയുടെ ഫോണ്‍ ആര്‍ക്ക് ലഭിച്ചെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ ആരോപണം.

ബംഗാളിലേതിനു സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രണ്ടേകാല്‍ കോടിയുടെ വാച്ച് ഉപേക്ഷിച്ചത്. ലൈഫ് മിഷന്‍ അഴിമതി കേസ് അട്ടിമറിക്കാനാണ് സംസ്ഥാന വിജിലന്‍സ് ശ്രമിക്കുന്നത് എന്നും സുരേന്ദ്രന്‍ പറയുന്നു. ‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് സംഘം എത്തിയെന്ന ആരോപണത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രി ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കുകയായിരുന്നു. സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ കാണാനുള്ള ഒരു ഐ ഫോണ്‍ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലൈഫ് മിഷന്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമാണ് നടക്കുന്നത്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയത് കൊണ്ടാണിത്’ -സുരേന്ദ്രന്‍ ആരോപിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സന്തോഷ് ഈപ്പാന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചിരുന്നു. വടക്കാഞ്ചേരിയിലെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപസ്വപ്ന ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷനായി നല്‍കിയതിനു പുറമെ അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഫോണുകളിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയായിരുന്നെന്ന സന്തോഷ് ഈപ്പന്റെ ആരോപണം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് സന്തോഷ് ഈ മൊഴി മാറ്റി.