ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് ; ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെ എന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍.

നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ജെ ആര്‍ പി നേതാവായിരുന്ന സി കെ ജാനുവിനെ എന്‍ ഡി എയിലേക്ക് എത്തിക്കാന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പണം നല്‍കിയെന്ന കേസിലാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടിയത്. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണമാണ് പരിശോധനക്കയച്ചത്. തിരുവനന്തപുരം ഫോറന്‍സിക്ക് ലാബിലെ റിപ്പോര്‍ട്ട് പ്രകാരം പ്രസീത പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ സംസാരിക്കുന്നത് കെ സുരേന്ദ്രന്‍ തന്നെയാണെന്ന് വ്യക്തമായി.

കൂടാതെ കേസില്‍ നിര്‍ണായകമായ 14 ഇലക്ട്രോണിക്ക് ഡിവൈസുകളുടെയും ഫോറന്‍സിക്ക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടി. ഇനി ലഭിക്കാനുള്ളത് ഒരു ഫോണില്‍ നിന്നുള്ള വിവരങ്ങളാണ്. കേരളത്തിന് പുറത്തുള്ള ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് ബത്തേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയുയായിരുന്നു. ഒന്നും രണ്ടും പ്രതികളായ കെ സുരേന്ദ്രന്‍ സി കെ ജാനു എന്നിവര്‍ക്കെതിരായ കുറ്റപത്രം കൈംബ്രാഞ്ച് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.