സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ; ദിലീപിന്റെ മകള്‍ മീനാക്ഷി പരാതി നല്‍കി
സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മീനാക്ഷിയുടെ പരാതിയില്‍ ആലുവ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ് അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്’ എന്നിങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്.
ഒക്ടോബര്‍ 28 നാണ് മീനാക്ഷി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു. ശേഷം കോടതിയുടെ അനുകൂല നിര്‍ദ്ദേശത്തിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചു പോയി എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.