ഇന്ത്യക്കാര്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചത് വൃത്തി ഇല്ലായ്മയിലൂടെ എന്ന് പഠനങ്ങള്‍
ലോകം മുഴുവന്‍ നാശം വിതയ്ച്ച കൊറോണ വൈറസ് ഇന്ത്യയിലും വലിയ രീതിയില്‍ പടര്‍ന്നു പിടിച്ചിരുന്നു. കണക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ഇന്ത്യയിലാണ് ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ ആറിലൊന്നും റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന കോവിഡ് മരണ നിരക്കും ഇന്ത്യയിലാണ്. രണ്ട് ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. എന്ത് കൊണ്ടാണ് രാജ്യത്ത് മരണ നിരക്ക് കുറയാന്‍ കാരണം എന്ന് അന്വേഷിച്ചാല്‍ ഉര്‍വശി ശാപം ഉപകാരം എന്ന പഴമൊഴി ആകും ഓര്‍മ്മ വരിക.
ശുചിത്വക്കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, വൃത്തിയില്ലാത്ത അവസ്ഥയിലെ വളരെക്കാലത്തെ ജീവിതം എന്നിവയാണ് കടുത്ത അണുബാധയെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാരെ പ്രാപ്തരാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ ദീര്‍ഘകാലമായി ജീവിക്കുന്നതു കൊണ്ട് ഇന്ത്യക്കാര്‍ പ്രതിരോധ ശേഷി കൈവരിച്ചതായാണ് പഠനത്തില്‍ പറയുന്നത്. താഴ്ന്നതും ഇടത്തരവും സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിലുള്ളവര്‍ സമ്പന്ന രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ പ്രതിരോധ ശേഷി നേടിയിട്ടുണ്ടാകാമെന്നാണ് പഠനം പറയുന്നത്.
പുണൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസ്, ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് ദരിദ്ര രാജ്യങ്ങളെ അപേക്ഷിച്ച് കുടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. 106 രാജ്യങ്ങളിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ജനസാന്ദ്രത, ശുചിത്വ നിലവാരം എന്നിവ ഉള്‍പ്പെടുന്ന 24 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യം ചെയ്തത്. രാജ്യത്തെ ഏറ്റവുംവലിയ ചേരി പ്രദേശം ഉള്ള മുംബൈയില്‍ കൊറോണ വൈറസ് മാരകമായ രീതിയിലാണ് പടര്‍ന്നു പിടിച്ചത്. എന്നാല്‍ അവിടെയും മരണ നിരക്ക് വളരെ കുറവായിരുന്നു.