വാട്സ്ആപ്പിന് പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍
വാട്സാപ്പിനു പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു. ‘മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍’ (ഡിസപിയറിംഗ് മെസേജ് ഫീച്ചര്‍) അയക്കുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ് വട്‌സാപ്പില്‍ ലഭ്യമായത്. ഇതിന് പിന്നാലെ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനിലും ഡിസപിയറിംഗ് ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകും.
ഡിസപിയറിംഗ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം മാഞ്ഞുപോവുക എന്നതാണ്. മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ ഏഴ് ദിവസത്തിന് ശേഷം നാം അയച്ച മെസേജുകള്‍ മാഞ്ഞുപോവും. മുമ്പ് ചെയ്ത ചാറ്റിന്റെ അംശങ്ങളൊന്നും പിന്നെ കാണാന്‍ സാധിക്കില്ല. നാം അയച്ച ഷോപ്പിംഗ് ലിസ്റ്റ്, തുടങ്ങി പിന്നീട് ഉപയോഗശൂന്യമായ ചാറ്റുകളെല്ലാം ഇത്തരത്തില്‍ തനിയെ ക്ലിയറായി പോകുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷത.
ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല, ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയോ, ചിത്രങ്ങളാണെങ്കില്‍ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം. ആപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റ് ഡിസപ്പിയര്‍ ആയാലും ചിത്രങ്ങള്‍ ഗാലറിയില്‍ ലഭ്യമായിരിക്കും. ഒരു ഡിസപിയറിംഗ് മെസേജിന് നിങ്ങള്‍ നല്‍കിയ റിപ്ലൈ ഏഴ് ദിവസം കഴിഞ്ഞാലും കാണാന്‍ സാധിക്കും. നിങ്ങള്‍ ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഡിസപിയറിംഗ് മെസേജ് അടക്കം അതില്‍ ലഭ്യമായിരിക്കും.
നിലവില്‍ ഡിസപിയറിംഗ് ഫീച്ചര്‍ സ്നാപ്ചാറ്റില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഓണാക്കിയാല്‍ മെസേജ് ഓപ്പണ്‍ ആക്കിയശേഷം ചാറ്റ് ക്ലോസ് ചെയ്താല്‍ ഉടന്‍ മെസേജ് ഡിലീറ്റാകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് വാട്സ്ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപിയറിംഗ് ഫീച്ചര്‍. ഏഴ് ദിവസത്തേയ്ക്ക് മെസേജ് കാണാനാകും. ഇതിന് ശേഷം മെസേജ് മാഞ്ഞുപോകും.