സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്? പിണറായി
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്?ചിലര്‍ക്ക് ഉള്ള നിക്ഷിപ്ത താല്പര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എങ്ങനെ വരും? വികല മനസുകള്‍ക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ മാറരുത്. അല്‍പ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജന്‍സികള്‍ നില്‍ക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പണം ഉപയോഗിച്ച് നവരത്‌ന കമ്പനിയായ ബെല്ലാണ് കെഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയോടാണ് ചിലര്‍ക്കു വിരോധം. നിങ്ങള്‍ എന്തിനാണു കെഫോണിനു പിന്നാലേ പോകുന്നത് അതിനു സ്വകാര്യ കുത്തകകളുണ്ടല്ലോ എന്നാണ് പരോക്ഷമായി അവര്‍ പറയുന്നത്. അത് മനസില്‍ വച്ചാല്‍ മതി. ഒരു കുത്തകയുടേയും വക്കാലത്തുമായി ആരും വരേണ്ട. പദ്ധതിക്കായി യുവത്വം കാത്തിരിക്കുകയാണ്.
വികല മനസുകളുടെ താല്‍പര്യങ്ങള്‍ക്കു തുള്ളികളിക്കുന്നവരായി ഏജന്‍സികള്‍ മാറരുത്. രാഷ്ട്രീയ വിയോജിപ്പുള്ള അല്‍പ മനസുകളുടെ കൂടെയല്ല അന്വേഷണ ഏജന്‍സികള്‍ നില്‍ക്കേണ്ടത്. അത് തിരിച്ചറിയാന്‍ അവര്‍ക്കു കഴിയണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി കൊണ്ട് ഗുണം കിട്ടുന്നത് സാധാരണക്കാര്‍ക്കാണ്. ഇപ്പോഴും ലൈഫിന്റെ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നു. അതിന്റെ ചുമതലക്കാരനെ കേന്ദ്ര ഏജന്‍സികള്‍ നിരന്തരം വിളിപ്പിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന ടെക്‌നോപാര്‍ക്കിലെ ടോറസ് പദ്ധതി നടപ്പിലായാല്‍ 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്വാഭാവികമായും അതില്‍ താല്‍പര്യം കാണിക്കും. ഇതില്‍ എന്താണ് അന്വേഷണ ഏജന്‍സികളുടെ സംശയം.