മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടിയായി മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി പണം നല്‍കിയെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി പണം നല്‍കിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്പനിക്കും പണം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിഎംആര്‍എല്‍ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്‌സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് അംഗീകരിച്ചു.

അതേസമയം, വീണയുടെ സ്ഥാപനവുമായി സാമ്പതക്തിക ഇടപാടുകള്‍ ഇല്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനെക്കുറിച്ച് തനിക്കാന്നും അറിയില്ലെന്നും സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്ത പ്രതികരിച്ചു.