ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

പ്രതിപക്ഷനേതാക്കള്‍ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് അന്വേഷണം നടക്കുക. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണ്ണര്‍ക്കും സ്പീക്കര്‍ക്കും സര്‍ക്കാര്‍ കത്ത് നല്‍കും.

ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മുന് എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം 10 കോടി രൂപ പിരിച്ചുവെന്നും അതില്‍ ഒരു കോടി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് മൂവര്‍ക്കുമെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയത്. ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി വേണം. അതുകൊണ്ട് അനുമതി തേടി ഗവര്‍ണ്ണര്‍ക്കും സ്പീക്കര്‍ക്കും സര്‍ക്കാര്‍ കത്ത് നല്‍കും. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി.എസ് ശിവകുമാറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

അതേസമയം തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതുപോലെ അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ലക്കും ലഗാനുമില്ലാതെ കേസെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാര്‍ നീക്കത്തെ നേരിടും. സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നു കാട്ടുന്നത് രമേശ് ചന്നിത്തലയാണ്. മുഖ്യമന്ത്രിക്ക് ഏതു നിമിഷവും ജയിലില്‍ പോകുമെന്ന ഭയമാണെന്നും മുഖ്യമന്ത്രിയെ ആരോപണ ശരശയ്യയില്‍ കിടത്തിയത് ചെന്നിത്തലയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജോസ് കെ മാണിക്ക് 10 കോടി നല്‍കിയെന്ന ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് ചോദിച്ച മുല്ലപ്പള്ളി പ്രവാസിയില്‍ നിന്ന് 50 ലക്ഷം തട്ടിയ കമ്മ്യൂണിസ്റ്റ് എംഎല്‍എക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ചോദിച്ചു. അതേസമയം ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ജോസ് കെമാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജോസ് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണമെന്നും പണം കൈമാറാത്തത് കൊണ്ട് അന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.