കോഴിക്കോട് ഇലക്ട്രിക് ഓട്ടോകള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി യൂണിയനുകള്‍
കോഴിക്കോട് : ഇലക്ട്രിക് ഓട്ടോ സര്‍വീസ് ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോഴും ഈ ഓട്ടോകള്‍ക്ക് സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് അനുവദിക്കാതെ യൂണിയനുകള്‍. നൂറ്റി അറുപതിലേറെ ഇലക്ട്രിക് ഓട്ടോകളാണ് സര്‍വീസ് നടത്താനാകാതെ നെട്ടോട്ടമോടുന്നത്. പ്രതിമാസ തവണകള്‍ മുടങ്ങിയതോടെ പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
പ്രത്യേക പെര്‍മിറ്റൊന്നുമില്ലാതെ തന്നെ സംസ്ഥാനത്ത് എവിടെയും സര്‍വീസ് നടത്താമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചാണ് കോഴിക്കോട് ജില്ലയിലെ പല തൊഴിലാളികളും ഇലക്ട്രിക് ഓട്ടോയിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഒന്നരവര്‍ഷത്തിനിപ്പുറം ഇലക്ട്രിക് ഓട്ടോ തൊഴിലാളികളുടെ അവസ്ഥയിതാണ് . പെര്‍മിറ്റില്ലാതെ എവിടേയും സര്‍വീസ് നടത്താമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും സ്റ്റാന്‍ഡുകളില്‍ പ്രവേശനം നിഷേധിച്ചും ഓട്ടം തടഞ്ഞും യൂണിയനുകള്‍ ബുദ്ധിമുട്ടിക്കുകയാണ്. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ല.
സര്‍വീസ് മുടങ്ങിയതോടെ പലരുടേയും പ്രതിമാസ തവണകള്‍ മുടങ്ങി. ചാര്‍ജ് ചെയ്യുന്നതിലെ പ്രതിസന്ധിയും തുടരുകയാണ്. പുതുതായി ആരംഭിച്ച നല്ലളത്തെ കെ.എസ്.ഇബി ചാര്‍ജിംഗ് സ്റ്റേഷനില്‍ മൂന്നുദിവസം ചാര്‍ജിംഗ് അനുവദിച്ചെങ്കിലും പിന്നീട് ഇത് കാറുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സര്‍ക്കാര്‍ ഇടപെട്ടു പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നൂറ്റിഅറുപതോളം കുടുബംഗങ്ങളുടെ ജീവനോപാദിയാണ് വഴിമുട്ടുന്നത്.