കൊറോണ ; സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു.

കണ്ടെയന്‍മെന്റ് സോണുകളില്‍ ചികിത്സാ ആവശ്യത്തിനോ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെ ആളുകള്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.വീടുകള്‍ കയറിയിറങ്ങി നിരീക്ഷണം നടത്തി രോഗിയുടെ 80 ശതമാനം സമ്പര്‍ക്കവും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഡിസംബര്‍ ഒന്നുമുതലാണ് നിര്‍ദേശങ്ങള്‍ നിലവില്‍ വരിക. ഡിസംബര്‍ 31 വരെയായിരിക്കും പ്രാബല്യം.

അവശ്യ സേവനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കാവൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള കോവിഡ് പരിശോധനകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ നിരീക്ഷണത്തിലാക്കണം.
ചികിത്സാ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തണം.
സിനിമാ ഹാളുകളും തിയറ്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം.
നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങളുടെ പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാം.
രാജ്യാന്തര വിമാനയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.
എക്സിബിഷന്‍ ഹാളുകള്‍ ബിസിനസ് ടു ബിസിനസ് (ബി2ബി) ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.

സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം. അടച്ച ഹാളുകളില്‍ 200 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ.
തുറസായ സ്ഥലങ്ങളില്‍ സാഹചര്യത്തിന് അനുസരിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താം. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താം.
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തരുത്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍തന്നെ കഴിയണം. ചികിത്സയ്ക്കോ അടിയന്തര ആവശ്യങ്ങള്‍ക്കോ മാത്രമെ പുറത്തിറങ്ങാവൂ.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ തലത്തില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്‌സൈറ്റുകളില്‍ അതത് ജില്ലാ കലക്ടര്‍മാരോ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ അറിയിക്കും.