അജ്ഞാത രോഗം ; ആന്ധ്രാപ്രദേശില്‍ 200ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലെ എലുരുവില്‍ അജ്ഞാത രോഗം പടരുന്നു എന്ന് റിപ്പോര്‍ട്ട്. പശ്ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങള്‍ കാണിക്കാതെ ഇതുവരെ രോഗം പിടിപെട്ടവര്‍ക്കെല്ലം തളര്‍ന്നുവീഴുക, വിറയല്‍ എന്നീ രോഗലക്ഷണങ്ങളുണ്ടെന്നും ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് മാറിയ ശേഷം വീണ്ടും പ്രകടമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സുനന്ദ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട 228 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ രോഗംപിടിപെട്ട രോഗികള്‍ക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ വിദഗ്ധ സംഘം എലുരുവിലെ രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്ത പരിശോധന റിപ്പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങളില്ല. ഒരു അജ്ഞാത രോഗത്തിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.

ആരോഗ്യനില ഭേദപ്പെട്ട 70പേര്‍ ഇതിനോടകം ആശുപത്രി വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിജയവാഡയില്‍ അടിയന്തര മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.