യു.ഡി.എഫില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി

യു.ഡി.എഫില്‍ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായി ഈ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തും. ലീഗിന്റെ സ്വാധീന മേഖലയില്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യു.ഡി.എഫ് ഗൌരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ബി.ജെ.പി വോട്ട് പിടിച്ചത് ദോഷം ചെയ്തു. ലീഗിന്റെ സ്വാധീന മേഖലയില്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പക്ഷെ അതുമാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരും. ഉച്ചക്ക് 3 മണിക്ക് കന്റോണ്‍മെന്റ് ഹൌസിലായിരിക്കും യോഗം.