മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ; യോഗത്തില്‍ പ്രധാന ബിഷപുമാര്‍ പങ്കെടുത്തില്ല
കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ യോഗത്തില്‍ കോഴിക്കോട്ടെ പ്രധാന ബിഷപുമാര്‍ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍ താമരശ്ശേരി ബിഷപ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനില്‍ എന്നിവര്‍ ആണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളിലായിരുന്നു കേരള പര്യടനത്തിന്റെ ഭാഗമായ പ്രമുഖരുടെ ഒത്തു ചേരല്‍. കാന്തപുരം എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് അബ്ദുല്‍ ഹകീം അസ്ഹരി, സി മുഹമ്മദ് ഫൈസി, ഇ.കെ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, കെ.എന്‍.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തിലേക്ക് ജമാഅത്തെ ഇസലാമി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നാണ് സൂചന. അതിനിടെ ജമാ അത്തെ ഇസ്ലാമിയെ ഒഴിയ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സമസ്ത രംഗത്തെത്തി.മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്ത നേതാക്കളില്‍ സി.എസ്.ഐ ബിഷപ് റോയി വിക്ടര് മനോജ് മാത്രമാണ് പങ്കെടുത്തത്. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തലിനെയും താമരശ്ശേരി ബിഷപ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിലിനെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. മറ്റു പരിപാടികള്‍ ഉണ്ടായിരുന്നെന്നാണ് ബിഷപ് ഹൗസ് അറിയിച്ചത്. അറബിക് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കാന്തപുരം വിഭാഗം ഉന്നയിച്ചത്
സംവിധായകന്‍ രഞ്ജിത്ത്, എഴുത്തുകാരന്‍ കെ.പി രാമനുണ്ണി വ്യവസായ പ്രമുഖരായ എം.പി അഹമ്മദ്, പി.കെ അഹമ്മദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്‌കകാരിക വ്യവസായിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.