മൈക്കള്‍ ജാക്‌സന്റെ പ്രേത ബംഗ്ലാവ് വിറ്റു

പോപ്പ് സംഗീതത്തിന്റെ രാജാവ് ആണ് മൈക്കിള്‍ ജാക്‌സണ്‍. മരണത്തിനു ശേഷവും കോടിക്കണക്കിനു ആരാധകര്‍ ഉള്ള ജാക്‌സനു പകരം വെയ്ക്കാന്‍ ഇതുവരെ ഒരു താരം ജനിച്ചിട്ടില്ല എന്നതാണ് സത്യം. ജീവിച്ചിരുന്ന കാലം വിവാദങ്ങളുടെ കളിത്തോഴന്‍ ആയിരുന്നു ജാക്‌സണ്‍. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ആരാധകരുടെ മൂണ്‍ വാക്കര്‍. ജാക്സന്റെ സാമ്രാജ്യമായിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവിനെക്കുറിച്ചാണ് വാര്‍ത്തകള്‍. ഈ ബംഗ്‌ളാവ് ഇപ്പോള്‍ ലേലം പോയി. അമേരിക്കയില്‍ നിന്നുള്ള ഒരു കോടീശ്വരനാണ് ഈ ബംഗ്ലാവ് ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. 2700 ഏക്കര്‍ വരുന്ന ഈ ബംഗ്ലാവ് 161 കോടി രൂപയ്ക്കാണ് വിറ്റത്. എസ്റ്റേറ്റ് സ്വന്തമാക്കിയത് കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ എന്ന ആളാണെന്നാണ് റിപ്പോര്‍ട്ട്.

വളര്‍ത്തു മൃഗങ്ങളും കുട്ടികളുമൊക്കെയായി 15 വര്‍ഷക്കാലം ജാക്സണ്‍ ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷം മുന്‍പ് 761 കോടി രൂപയ്ക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോള്‍ പ്രേതബാധയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് 161 കോടി രൂപയ്ക്ക് വില്‍ക്കേണ്ടി വന്നത്. ജാക്സന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും അലഞ്ഞു തിരഞ്ഞ് നടക്കുന്നു എന്ന പ്രചാരണമാണ് വില ഇത്രയും ഇടിയാന്‍ കാരണം. എസ്റ്റേറ്റിന്റെ 40 ശതമാനം ഓഹരിയ്ക്ക് അവകാശമുള്ള ജാക്‌സന്റെ അമ്മയുടെ നേതൃത്വത്തിലാണ് എസ്റ്റേറ്റ് വില്‍പ്പന ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നത്. ഈ ശ്രമങ്ങള്‍ക്കിടെയാണ് ഇവിടെ പ്രേതബാധയുണ്ടെന്ന ആരോപണം ഉണ്ടായത്. എന്തായാലും ഈ ആരോപണങ്ങളെ പിന്തള്ളിയാണ് ബംഗ്ലാവ് വിറ്റുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ആറു മുറികളുള്ള ഈ ബംഗ്ലാവ് 1982ലാണ് നിര്‍മ്മിച്ചത്. ബംഗ്ലാവിനകത്ത് നാല് ഏക്കറില്‍ ഒരു കൃത്രിമ തടാകവുമുണ്ട് . സമീപത്തായൊരു പൂള്‍ ഹൗസുമുണ്ട്. ഇതിന് പുറമെ ഇവിടെ മൂന്ന് അതിഥി മന്ദിരങ്ങളുമുണ്ട്. 12500 ചതുരശ്ര അടിയുള്ള ബംഗ്ലാവും 3700 ചതുരശ്ര അടിയുടെ നീന്തല്‍ കുളവും, ഡാന്‍സ് സ്റ്റുഡിയോയുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ എസ്റ്റേറ്റ്. ഈ ബംഗ്ലാവില്‍ ജാക്‌സണ്‍ താമസിച്ചിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ കരിയറിലെ പല ഹിറ്റുകളും പുറത്തുവന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇപ്പോള്‍ 11 വര്‍ഷമായി ഈ എസ്റ്റേറ്റ് അടഞ്ഞു കിടക്കുകയാണ്.