ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയില്‍ നാലാമനായി ഷാരൂഖ് ഖാന്‍

ലോകത്തിലെ ഏറ്റവും ധനികരായ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീന്‍ഫെല്‍ഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഹോളിവുഡ് സൂപ്പര്‍ താരങ്ങളായ ഡ്വെയ്ന്‍ ജോണ്‍സണ്‍, ടോം ക്രൂസ്, ജോര്‍ജ്ജ് ക്ലൂണി, റോബര്‍ട്ട് ഡി നിരോ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ‘ ഏറ്റവും സമ്പന്നരായ നടന്മാരുടെ’ ടോപ്പ് 10 പട്ടികയിലുള്ള ഏക ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ ആസ്തി 770 മില്യണ്‍ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്.

അമേരിക്കന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീന്‍ഫെല്‍ഡ് ആണ് 1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1 ബില്യണ്‍ ഡോളറോളം അസ്തിയുള്ള ടൈലര്‍ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 800 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണും തൊട്ടുപിന്നില്‍. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്. ഷാരൂഖിന്റെ വീടായ മന്നത്തിന്റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായിട്ടല്ല ഷാരൂഖ് ഈ പട്ടികയില്‍ എത്തുന്നത്. ഇടയ്ക്ക് രണ്ടാം സ്ഥാനം വരെ താരം നേടിയിരുന്നു.

അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജനുവരി 25ന് തീയറ്ററുകളില്‍ എത്തുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പഠാന് ലഭിച്ചിരിക്കുന്നത്.