മയക്കുമരുന്ന് കയ്യില്‍ വെച്ചതിന് നടി ശ്വേതാ കുമാരി അറസ്റ്റില്‍

മയക്കുമരുന്ന് കയ്യില്‍വെച്ചതിന് കന്നഡ നടി ശ്വേതാകുമാരി അറസ്റ്റില്‍. മുബൈയിലെ ഹോട്ടലില്‍ നിന്നുമാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ താരത്തിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും അതി മാരകമായ മയക്കുമരുന്ന്(മെഫെഡ്രോണ്‍) പിടിച്ചെടുത്തു. 400 ?ഗ്രാമാണ് പിടിച്ചെടുത്തത്. വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിത്.

27കാരിയായ ശ്വേത കുമാരി ഹൈദ്രാബാദ് സ്വദേശിനിയാണ്. ഇവര്‍ക്കെതിരെ നര്‍കോട്ടിക്‌സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) നിയമ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണ ശേഷമാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ഏറെ ചര്‍ച്ചയായത്. സിനിമാ താരങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കന്നഡ,തെലുങ്ക് സിനിമാ മേഖലകളില്‍ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.സംസ്ഥാനന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ടെന്ന് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ദീപിക പദുക്കോണ്‍,ശ്രദ്ധ കപൂര്‍,സാറാ അലിഖാന്‍,റിയ ചക്രബോര്‍ത്തി,അര്‍ജുന്‍ റാംപാല്‍,ഭാരതി സിങ് തുടങ്ങി നിരവധി പേരുടെ പേരുകള്‍ മയക്കുമരുന്ന് കേസ്സുമായി ബന്ധിപ്പിച്ച് ഉയര്‍ന്നിട്ടുണ്ട്.