നെയ്യാറ്റിന്‍കരയിലെ ഭൂമി ഉടമ വസന്ത തന്നെ
വിവാദമായ നെയ്യാറ്റിന്‍കര തര്‍ക്കഭൂമി വസന്തയുടെ തന്നെയെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. കുടിയൊഴിപ്പിക്കലിനിടെ രാജന്‍ -അമ്പിളി ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ ഭൂമിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് തഹസില്‍ദാറുടെ നിര്‍ണായക റിപ്പോര്‍ട്ട്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നും പണം നല്‍കിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്റ് ഭൂമി രാജന്‍ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തല്‍. 40 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.
ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോഎന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് തഹസില്‍ദാറിന്റെ ശുപാര്‍ശ. കൈയേറിയ ഭൂമിയില്‍ തന്നെയാണ് രാജന്റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. ഈ ഭൂമിവേണമെന്നാണ് ഇവരുടെ ആവശ്യം. വസന്തയില്‍ നിന്നും ഭൂമി വില കൊടുത്തു വാങ്ങി രാജന്റെ കുട്ടികള്‍ക്ക് കൈമാറാന്‍ ബോബി ചെമ്മണ്ണൂര്‍ ശ്രമിച്ചിരുന്നു. ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഭൂമി കൈമാറ്റത്തിലെ അന്തിമതീരുമാനം. അതേസമയം ഭൂമി സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമേ സ്വീകരിക്കു എന്നാണ് കുട്ടികള്‍ പറഞ്ഞത്.









