16കാരി ഗര്‍ഭിണി ; 18കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വട്ടപ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം തുറന്നു പറയുകയായിരുന്നു. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ലൈംഗിക പീഡനമെന്നും പൊലീസ് പറയുന്നു.