കോവിഡ് പ്രോട്ടോക്കോള്‍ പ്രതിപക്ഷത്തിനും പൊതുജനത്തിനും മാത്രം ; സര്‍ക്കാര്‍ പരിപാടികള്‍ക്ക് എങ്ങും ആള്‍ക്കൂട്ടം

സര്‍ക്കാര്‍ പരിപാടികള്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ പരിപാടികള്‍ക്കും ബാധകമാകാത്ത കോവിഡ് പ്രോട്ടോക്കോളിനെതിരെ പരക്കെ ആക്ഷേപം. കണ്ണൂര്‍ തളിപ്പറമ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്ത അദാലത്തില്‍ നടന്നത് പകല്‍ പോലെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.

ആരോഗ്യ മന്ത്രിയെ കൂടാതെ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സമാനമായ രീതിയില്‍ത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികള്‍ നടന്നത്. സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. മാസ്‌ക് ധരിച്ചുവെന്ന തൊഴിച്ചാല്‍ മറ്റൊരു വിധത്തിലുള്ള പ്രോട്ടോക്കോളും പാലിക്കാതെയാണ് പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ അത് പാലിക്കാന്‍ തയ്യാറാവുന്നില്ല. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തളിപ്പറമ്പിലെത്തിയപ്പോള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നാനൂറോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. കണ്ണൂരില്‍ രണ്ടിടങ്ങളിലാണ് പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യു ഡി എഫ് നേതാക്കള്‍ക്കും കണ്ടാല്‍ അറിയാവുന്ന നാനൂറോളം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് തളിപ്പറമ്പില്‍ കേസ് എടുത്തിരിക്കുന്നത്.

അതേസമയം, ഐശ്വര്യ കേരള യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസ് എടുത്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ ഒരു പാര്‍ട്ടിക്ക് മാത്രമല്ല ബാധകമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് എതിരെ എത്ര കേസ് എടുത്താലും പ്രശ്‌നമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജാഥയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.