ശിവകാശി സ്‌ഫോടനം ; മരണം 19 ആയി
ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയാണ് സാത്തൂരിലെ വിരുതനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി നടന്നത്. പരുക്കേറ്റ 32 തൊഴിലാളികളില്‍ 19 പേരും മരിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ ഇന്നലെ മരിച്ചു. ശിവകാശിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. അപകട കാരണമെന്താണ് എന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. അതേസമയം ശിവകാശിയിലെ മറ്റൊരു പടക്ക നിര്‍മാണ ശാലയില്‍ ഇന്ന് പൊട്ടിത്തെറി ഉണ്ടായി. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.