കറുപ്പിനെ ഭയന്ന് മുഖ്യമന്ത്രി ; പരിപാടിയില്‍ കറുത്ത മാസ്‌ക് അഴിപ്പിക്കാന്‍ ശ്രമം; പറ്റില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌കിന് ‘അപ്രഖ്യാപിത’ വിലക്ക്. കറുത്ത മാസ്‌ക് ധരിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അതഴിക്കാന്‍ ആവശ്യപ്പെട്ടു. ജന്‍ഡര്‍പാര്‍ക്ക് ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ സംഘങ്ങള്‍ക്കും ഈ അനുഭവം ഉണ്ടായി. കറുത്ത മാസ്‌ക് ധരിച്ച മീഡിയാ വണ്‍ ക്യാമറാമാന്‍ അതീന്ദര്‍ ജിത്തുവിനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാസ്‌ക് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പകരം മാസ്‌ക് നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതിനു തയ്യാറായില്ല.

രണ്ട് പരിശോധനാ ഗേറ്റുകളില്‍ നിന്ന് ഇത്തരത്തില്‍ അനുഭവമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ചു തന്നെയാണ് മാധ്യമസംഘം അകത്തേക്ക് പ്രവേശിച്ചത്. അതിനിടെ, കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിര്‍ദേശം ആരും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് വെച്ചവരെ തിരഞ്ഞു പിടിച്ചു വേറെ മാസ്‌ക് നല്‍കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.