രമേഷ് പിഷാരടി മാത്രമല്ല ; ഇടവേള ബാബുവും കോണ്‍ഗ്രസ്സില്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിര്‍മാതാവും ‘അമ്മയിലെ മുതിര്‍ന്ന അംഗവുമായ ഇടവേള ബാബുവും പങ്കെടുത്തു. ഐശ്വര്യ കേരളയാത്രയ്ക്ക് ഹരിപ്പാട്ട് നല്‍കിയ സ്വീകരണ വേദിയിലാണ് ഇരു താരങ്ങളും അണിനിരന്നത്. രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നതു സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇടവേള ബാബു അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് വേദിയിലെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് രമേഷ് പിഷാരടിയെയും ഇടവേള ബാബുവിനെയും സ്വീകരിച്ചു. രമേഷ് പിഷാരടി നേരത്തെ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും യൂത്ത് കോണ്‍ഗ്ര്‌സ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് കോണ്‍ഗ്രസിലെത്തിയതെന്ന് രമേഷ് പിാരടി പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇതെന്ന് രമേഷ് പിഷാരടി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് പിഷാരടി, എന്നാല്‍ ധര്‍മജന് സീറ്റ് കൊടുത്താല്‍ വിജയിപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലേക്കെന്ന പരിഹാസത്തിനും പിഷാരടി മറുപടി പറഞ്ഞു. ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും പിഷാരടി പറഞ്ഞു. കോമഡിക്കാരല്ലേ വന്നത്, ഭീഷണിപ്പെടുത്തുന്നവരല്ലല്ലോ എന്നും ഹാസ്യരൂപേണ പിഷാരടി മറുപടി നല്‍കി. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ സംവിധായകന്‍ മേജര്‍ രവിയും കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജര്‍ രവി എത്തിയത്. അതുപോലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറെണെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു.









