അടിമാലിയിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു മരിച്ചു

അടിമാലി : പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയുടെ പിതൃസഹോദരനായ അനു എന്ന അരുണിനെയാണ് (28) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ പള്ളിവാസല്‍ പവര്‍ഹൗസിന് സമീപത്താണ് അരുണിന്റെയും മൃതദേഹം കണ്ടത്.ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വണ്ടിപ്പാറയില്‍ രാജേഷ്‌ജെസി ദമ്പതികളുടെ മകള്‍ രേഷ്മയെ (17) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് ടു വിദ്യാര്‍ഥിനിയായ രേഷ്മ ബന്ധുവായ അരുണും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം അരുണിലേക്ക് എത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇയാള്‍ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുണ്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി താന്‍ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തില്‍ പറയുന്നു. ഇതോടെ അരുണ്‍ ആത്മഹത്യ ചെയ്‌തേക്കാമെന്ന സംശയവും ബലപ്പെട്ടിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. ഉളി പോലുള്ള വസ്തു ഉപയോഗിച്ച് കുത്തിയപ്പോള്‍ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. മരപ്പണിക്കാരനായ അരുണ്‍ ചെറിയ ഉളി എപ്പോഴും കയ്യില്‍ കരുതിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

ഇതിനിടെ പരിശോധനയില്‍ രേഷ്മയ്ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു രേഷ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോവിഡ് സാഹചര്യത്തില്‍ രേഷ്മ പഠിച്ചിരുന്ന ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലു ദിവസത്തേക്ക് അടച്ചിടാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.