എമ്മ വാട്‌സണ്‍ അഭിനയം മതിയാക്കിയെന്ന് റിപ്പോര്‍ട്ട് ; ആരാധകര്‍ക്ക് നിരാശ

പ്രശസ്ത ഹോളിവുഡ് അഭിനേത്രി എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിശ്രുതവരന്‍ ലിയോ റോബിന്‍ടണൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ലിറ്റില്‍ വുമണ്‍ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്. എമ്മയുടെ ഏജന്റ് ഡെയിലി മെയിലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഹാരി പോട്ടര്‍ സിനിമാ പരമ്പരയിലൂടെ ബാലനടിയായി അഭിനയം തുടങ്ങിയ ആളാണ് 30 വയസ്സുകാരിയായ എമ്മ. ദി പെര്‍ക്‌സ് ഓഫ് ബീയിങ് വാള്‍ഫ്‌ലവര്‍, നോവാഹ്, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ എമ്മ അഭിനയിച്ചിട്ടുണ്ട്. ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്ന എമ്മ 2014ല്‍ യുഎന്‍ വിമന്‍ ഗുഡ്വില്‍ അംബാസിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം നടിയുടെ തീരുമാനം ആരാധാകര്‍ക്ക് കനത്ത നിരാശയാണ് നല്‍കിയിരിക്കുന്നത്. പലരും നടിയുടെ തീരുമാനം തെറ്റാണു എന്നാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.