ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാള സിനിമ മാര്‍ച്ച് 5ന് റിലീസ് ചെയ്യും

വിയന്ന: ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയിലുള്ള മലയാളി യുവജനങ്ങളുടെ ആദ്യ മുഴുനീള ചലച്ചിത്രം മാര്‍ച്ച് 5ന് (വെള്ളി) റിലീസ് ചെയ്യും. സാബു എന്റെ അനിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വ്യത്യസ്ത സഹോദരബന്ധത്തിന്റെ വിവിധ തലങ്ങളും, പ്രണയവും പ്രതികാരവും, പ്രതിസന്ധികളുമൊക്കെ കോര്‍ത്തിണക്കി യൂറോപ്യന്‍ പശ്ച്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഒരു പ്രവാസി കുടുംബത്തില്‍ അമ്മയില്ലാതെ വളര്‍ന്ന രണ്ടു സഹോദരങ്ങളുടെ ജീവിതവും അവര്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുമൊക്കെയാണ് 132 മിനിട്ടുള്ള സിനിമയുടെ ഇതിവൃത്തം. നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന വിവാഹ നൃത്ത രംഗങ്ങളും, പുതുതലമുറയുടെ സ്പന്ദങ്ങളുമൊക്കെ ചേര്‍ത്ത് കുടുംബ സദസുകള്‍ക്കുകൂടി ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സിമ്മി കൈലാത്താണ് സിനിമയുടെ രചനയും, തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എബിന്‍ പള്ളിച്ചല്‍. ഛായാഗ്രഹണം പാസ്‌കല്‍ കാസെറ്റി. ഓസ്ട്രിയയിലെയും സ്വിറ്റസര്‍ലണ്ടിലെയും മലയാളി താരങ്ങളും വിദേശകലാക്കാരന്‍മാരും ഉള്‍പ്പെടെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

കിരണ്‍ കോതകുഴയ്ക്കല്‍, ബ്ലൂയിന്‍സ് തോമസ്, ശരത് കൊച്ചുപറമ്പില്‍, സില്‍വിയ കൈലാത്ത്, സിമ്മി കൈലാത്ത്, പ്രസാദ് മുകളേല്‍, ടാനിയ എബ്രഹാം തുടങ്ങിയ മലയാളി താരങ്ങളോടൊപ്പം ഓസ്ട്രിയന്‍ അഭിനേതാക്കളായ ഫിലിപ്പ് ഷിമങ്കോ, ഇസബെല്ല, ജ്യോര്‍ഗ്ഗ് സ്റ്റെല്ലിങ്, ബ്രിഗിത്ത് സി. ക്രാമര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

ട്രെയിലര്‍ കാണാം