കാമുകനൊപ്പം ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ അടിച്ചു കൊന്ന പൊലീസുകാരിയായ ഭാര്യ അറസ്റ്റില്‍
മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്ദലിക് പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും മുംബൈ വസായി പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിളുമാരായ സ്‌നേഹല്‍ സഹപ്രവര്‍ത്തകനായ വികാസ് പഷ്‌തെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് സ്‌നേഹലും സഹപ്രവര്‍ത്തകനായ വികാസും തമ്മില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ പിതാവ് കൂടിയായ വികാസ്, ഭര്‍ത്താവില്ലാത്ത നേരത്ത് സ്‌നേഹലിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായിരുന്നു.
ഇവരുടെ ബന്ധത്തെക്കുറിച്ച് സ്റ്റേഷനിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അറിവുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭക്ഷണവുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്ന ഭര്‍ത്താവ് പുന്ദലികിനും ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവര്‍ അയാളെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കാമുകനായ വികാസിന്റെ കയ്യില്‍ രണ്ടരലക്ഷം രൂപ ഏല്‍പ്പിക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് മൂന്ന് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത്. സ്വപ്നില്‍ ഗോവരി, അവിനാശ് ഭോയിര്‍, വിശാല്‍ പട്ടില്‍ എന്നീ മൂന്ന് പേരാണ് പുന്ദലികിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത്. കൃത്യം നടന്ന ദിവസം പുന്ദലിക്കിന്റെ ഓട്ടോറിക്ഷയില്‍ കയറിയ ക്വട്ടേഷന്‍ സംഘം ആള്‍ത്തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
മൂത്രം ഒഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഇവര്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ സംഭവസ്ഥലത്ത് വച്ചു തന്നെ പുന്ദലിക് കൊല്ലപ്പെട്ടു. അതിനു ശേഷം മൃതദേഹം ഹൈവേയില്‍ ഉപേക്ഷിച്ച് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ ഇവര്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് തക്ക അവസരം നോക്കി ഇതിനു മുമ്പും രണ്ട് തവണ സംഘം ഇതേ ഓട്ടോയില്‍ യാത്ര ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തില്‍ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിനുപയോഗിച്ച് ഇരുമ്പ് ദണ്ഡ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.








