കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു ; എംപിമാര്‍ മത്സരിക്കില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍. മത്സരിക്കുന്ന 91 മണ്ഡലങ്ങളില്‍ 81 മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പത്ത് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. സ്ഥാനാര്‍ത്ഥികളുടെ പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കും. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും. വടകരയില്‍ കെ. കെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്നകേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. മുല്ലപ്പള്ളി ഡല്‍ഹിയില്‍ തുടരും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങും. വിശദമായ ചര്‍ച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളില്‍ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധി ഇല്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഒരാള്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കില്ലന്നും ഇരുവരും വ്യക്തമാക്കി.
നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്. ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍. എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല. ജനതാദള്‍- മലമ്പുഴ. സിഎംപി- നെന്മാറ. കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം. ആര്‍എംപി- വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയ്ക്കും.