പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

മലയാളികള്‍ ഏറെ കാലമായി കേള്‍ക്കുവാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍. പിണറായി വിജയന്റെ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പണ്ട് ഒരു വീടിന്റെ ചിത്രം പ്രചരിച്ചതിന്റെ പിന്നാലെയാണ് ഈ ചോദ്യം പലപ്പോഴായി ഉയര്‍ന്നു വന്നത്. സ്വന്തം അണികള്‍ക്ക് പോലും സ്വത്ത് വിവരങ്ങളില്‍ സംശയം ഉണ്ടായിരുന്നു എന്നതാണ് സത്യാവസ്ഥ. അവസാനം നാനമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ വിവരങ്ങളിലൂടെ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു.

78 സെന്റ് ഭൂമിയും വീടുമാണ് പിണറായിയിലുള്ളതെന്നാണ് ധര്‍മ്മടത്ത് അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലുളള്ളത്. ഭാര്യ കമലക്ക് ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയുമുണ്ട്. തലശേരി എസ്.ബി.ഐയില്‍ 78048.51 രൂപയും പിണറായി സര്‍വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപ വിലവരുന്ന 1000 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറുമുണ്ട്. 100 രൂപ വിലവരുന്ന ഒരു ഓഹരി പിണറായി ഇന്റസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിയിലുമുണ്ട്. സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 204048.51 രൂപയുടെ നിക്ഷേപമുണ്ട്.

ധര്‍മ്മടത്ത് നിന്നാണ് പിണറായി മത്സരത്തിനെത്തുന്നത്. 2016ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത 56.4% വോട്ടും പിണറായി വിജയന്‍ സ്വന്തമാക്കിയിരുന്നു. 37,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രി വിജയം സ്വന്തമാക്കിയത്. 26മത്തെവയസ്സിലാണ് അദ്ദേഹം ആദ്യമായി കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമാകുന്നത്. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.