രാജ്യം നിശ്ചലമായി ഒരാണ്ട് ; ലോക്ക് ഡൗണിന്റെ ഒന്നാം വാര്‍ഷികം നാളെ

ലോകത്തിനെ ഭയത്തിലാക്കിയ കൊറോണ മഹാമാരിയുടെ ഭയത്തില്‍ രാജ്യം നിശ്ചലമായിട്ട് നാളേയ്ക്ക് ഒരു വര്‍ഷം. കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്നിറങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയത്. പരീക്ഷണം എന്ന നിലയില്‍ മാര്‍ച്ച് 22ന് നടന്ന ജനതാ കര്‍ഫ്യൂ പാത്രം കൊട്ടിയും കൈയ്യടിച്ചും ജനം ഉള്‍ക്കൊണ്ടു. മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. അര്‍ധരാത്രി ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 500ല്‍ താഴെയായിരുന്നു. വിമാനത്താവളങ്ങളും റെയില്‍വേ ട്രാക്കുകളുമടക്കം രാജ്യം പൂര്‍ണമായും നിശ്ചലമായ ദിവസങ്ങള്‍ ആയിരുന്നു അന്ന്.

അടച്ചു പൂട്ടല്‍ കാരണം അതിഥി തൊഴിലാളികളുടേയും പ്രവാസികളുടേയും ദുരിതം മറക്കാനാകാത്ത കാഴ്ചകളിലൊന്നായി മാറി. പട്ടിണി, പലായനം, റെയില്‍വേ ട്രാക്കിലും റോഡിലുമായി പൊലിഞ്ഞ് പോയ ജീവിതങ്ങള്‍ ഒക്കെ ഇന്ത്യക്കാരുടെ കണ്‍മുന്നിലൂടെ കടന്ന് പോയി.കൊവിഡിനൊപ്പം അഞ്ച് ഘട്ടമായി രാജ്യത്ത് അണ്‍ലോക്ക് നടപ്പാക്കി. പ്രത്യാശകളുമായി കൊവിഡ് വാക്സിന്‍ ഒരു വര്‍ഷത്തിന് ശേഷം കണ്ടുപിടിക്കപ്പെട്ടു. രാജ്യത്ത് ഇതുവരെ കോടിക്ക് മേല്‍ ആളുകള്‍ വാക്സിന്‍ സ്വീകരിച്ചു. കൊവിഡ് കേസുകള്‍ എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഏറുകയാണ്. അന്നത്തെ 500ല്‍ നിന്ന് പ്രതിദിന കേസുകള്‍ ഇന്ന് 50,000ത്തിന് അടുത്തു. എന്നാല്‍ ജന ജീവിതം ഇപ്പോള്‍ സാധാരണ നിലയിലാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ മനുഷ്യര്‍ പഠിച്ചു കഴിഞ്ഞു.


കോവിഡില്‍ സമസ്ത മേഖലകളും നിശ്ചലമായപ്പോള്‍ പകര്‍ച്ചവ്യാധി വരുത്തിയ ഏറ്റവും വലിയ മാറ്റം വിദ്യാഭ്യാസ മേഘലയുടെ ഡിജിറ്റലൈസേഷനാണ്. സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടിയപ്പോള്‍ പുതിയ അദ്ധ്യാപന രീതി ആവിഷ്‌ക്കരിക്കേണ്ടത് അനിവാര്യ മായിരുന്നു. ഇതേത്തുടര്‍ന്നാണ് വെര്‍ച്വല്‍ ക്ലാസ് റൂം എന്ന ആശയം യാഥാര്‍ത്ഥ്യമായത്. ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും നമ്മുടെ ജീവിതത്തില്‍ കണ്ട ഒരു വലിയ മാറ്റമായിരുന്നു. അതുപോലെ വര്‍ക് ഫ്രം ഹോം സാധാരണമായ ഒന്നായി. കുടുംബവും ആരോഗ്യവും ഏറെ പ്രധാനമെന്ന് പഠിപ്പിച്ച ഒരു കാലമാണ് ഇത്. കൂടാതെ, സമ്പാദ്യം അനിവാര്യമാണെന്നും ഈ കാലയളവ് നമ്മെ ഓര്‍മിപ്പിച്ചു. കൂടാതെ, തങ്ങളുടെ ജീവിത ചെലവുകള്‍ കുറച്ച് ലളിതമായ ജീവിതരീതി അവലംബിക്കാനും ശരിയായ ഭക്ഷണക്രമം പാലിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ലോക് ഡൌണ്‍ കാലം നമ്മെ പഠിപ്പിച്ചു.

 

അതുപോലെ ഓണ്‍ലൈന്‍ ഷോപ്പിങ്ങും വന്‍ പ്രചാരം ആണ് നേടിയത്. നെറ്റ് ഫ്‌ലിക്‌സ് ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ദൃശ്യ മാധ്യമങ്ങളും വമ്പന്‍ നേട്ടമാണ് കൊയ്തത്. കൂടാതെ സ്വിഗി സോമറ്റോ പോലുള്ളവര്‍ക്കും ലോക്ക് ഡൌണ്‍ കാലം നേട്ടങ്ങളുടേത് ആയിരുന്നു.