ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം: തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു

കണ്ണൂര്‍ : കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനം നടന്ന സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പോലീസ്. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ബോംബ് നിര്‍മ്മാണം നടത്തിയ നിജേഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. അതേസമയം സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പരിശോധനാ സംഘം കണ്ടെത്തി. രക്തക്കറ പുരണ്ട സ്ഥലങ്ങളില്‍ മഞ്ഞള്‍പൊടി വിതറിയ നിലയിലാണ്. പരിശോധനാ സംഘം നടത്തിയ തിരച്ചിലില്‍ നിജേഷിന്റെ വിരലുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇന്ന് രാവിലെയോടെയാണ് പോലീസും ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയത്. സിപിഎമ്മിന് സ്വാധീനമുളള മേഖലയാണ് കതിരൂര്‍. അവിടെ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കവെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും കൈപ്പത്തികള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ ആയതുകൊണ്ട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും സൂചനയുണ്ട്.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന. ബോംബ് നിര്‍മ്മിക്കുന്ന സമയത്ത് നികേഷ് മദ്യപിച്ചിരുന്നുവെന്നും ഇതായിരിക്കാം അപകട കാരണമെന്നുമാണ് നിഗമനം. തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ശങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണ് കതിരൂര്‍ അതുകൊണ്ടുതന്നെ നാട്ടുകാരില്‍ ഈ സംഭവം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.