സനുമോഹന്‍ പിടിയില്‍ ; അറസ്റ്റിലായത് കര്‍ണ്ണാടകയില്‍ വെച്ച്
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി സ്വദേശി സനു മോഹന്‍ അറസ്റ്റില്‍. കര്‍ണ്ണാടകയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കൊച്ചിയില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കാര്‍വാര്‍ ബീച്ചില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ആറു ദിവസമായി മൂകാംബികയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സനു. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വൈഗയെ താനാണ് കൊലപ്പെടുത്തിയത് എന്നാണ് സനു പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ മരണ ശേഷം ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലൂരില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണു കേസില്‍ വഴിത്തിരിവായത്. മൂകാംബികയില്‍ ഹോട്ടലില്‍ മുറി എടുത്ത ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു. 5700 രൂപയാണു മുറി വാടകയായി നല്‍കാനുള്ളത്. ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് താമസിച്ചിരുന്നത് സനുവാണെന്ന് തിരിച്ചറിഞ്ഞത്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും സനുവിനെ കണ്ടെത്താനായില്ല.
മാര്‍ച്ച് 20ന് ആണ് സനു മോഹനെയും പതിമൂന്നുകാരിയായ മകള്‍ വൈഗയെയും കാണാതായത്. വൈഗയെ തൊട്ടടുത്ത ദിവസം കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സനു മോഹനെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാള്‍ കൊല്ലൂരില്‍ 10 മുതല്‍ 16 വരെ താമസിച്ചതായി വ്യക്തമായത്. അതേസമയം കാര്‍ കോയമ്പത്തൂരില്‍ അന്‍പതിനായിരം രൂപയ്ക്ക് വിറ്റു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.








