നീളം കൂടിയ വോയിസ് മെസേജ് കേള്‍ക്കാന്‍ മടുപ്പ് തോന്നാറില്ലേ ? പരിഹാരവുമായി വാട്സാപ്പ്

വാട്സാപ്പില്‍ ദൈര്‍ഘ്യമേറിയ വോയിസ് മെസേജ് കേള്‍ക്കാന്‍ മടി ഉള്ളവര്‍ക്കും കേള്‍ക്കുമ്പോള്‍ മടുപ്പ് തോന്നുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവില്‍ തുടര്‍ച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേര്‍ഷനായ ബീറ്റ വേര്‍ഷന്‍ 2.21.9.4 നില്‍ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത അപ്ഡേറ്റില്‍ അത് പിന്‍വലിച്ചെങ്കിലും ഉടന്‍ തന്നെ വീണ്ടും വരുമെന്നാണ് കരുതുന്നത്. ഫീച്ചര്‍ ഉപയോഗിച്ച് വോയിസ് മെസേജിന്റെ പ്ലേ ബാക്ക് സ്പീഡ് 1.5X, 2X എന്ന രീതിയില്‍ വേഗം കൂട്ടാന്‍ പറ്റും.

അതേസമയം പ്ലേബാക്ക് സ്പീഡ് കുറയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കമ്പനി ടെസ്റ്റിങ് സ്റ്റേജിലുള്ള ഫീച്ചര്‍ അടുത്തു തന്നെ ബീറ്റ ടെസ്റ്റിങിന് നല്‍കുമെങ്കിലും എല്ലാവര്‍ക്കുമായി ഈ ഫീച്ചര്‍ ലഭിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണം. എന്നിരുന്നാലും വേഗതയുടെ ലോകത്ത് വാട്സാപ്പ് ഫീച്ചര്‍ കുറേ പേര്‍ക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. അതേസമയം നിലവില്‍ ടെലിഗ്രാമില്‍ ഈ സംവിധാനം വന്നിട്ട് ഏറെ കാലമായി എന്നതാണു സത്യം.