നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. ഞായര്‍ വരെ വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ നിയന്ത്രണമാകും ഉണ്ടാവുക. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കടകള്‍ പരമാവധി ഡോര്‍ ഡെലിവറി സംവിധാനം ഒരുക്കണം. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, പലചരക്ക് കടകള്‍, മത്സ്യം, മാംസം കടകള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കും. ഇത്തരം കടകളിലേക്ക് പോകുന്നവര്‍ സ്വന്തം വീടിന് തൊട്ടടുത്തുള്ള കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങണം.

അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കായുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടാകുക. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തികള്‍ തുടരാനും അനുമതിയുണ്ട്. സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ ഈ ദിവസം പാടില്ല. അതേ സമയം ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രയിനുകള്‍ക്കും തടസമുണ്ടാകില്ല.