യാസ്’ ചുഴലിക്കാറ്റ് ; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധിത്യയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകള്‍ക്കും കാസര്‍കോട് ജില്ലയിലും യല്ലോ അലര്‍ട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്‌തേക്കും.

അതിനടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലെ താഴ്ന്ന ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26 വൈകുന്നേരം ഒഡീഷയിലെ പരദ്വിപ്പിനും സൗത്ത് 24 പര്‍ഗാനാസിനും ഇടയില്‍ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.പശ്ചിമ ബംഗാളിലെ ദിഗ തീരത്ത് നിന്ന് 670 കിലോമീറ്റര്‍ അകലെയാണ് യാസ് ചുഴലിക്കാറ്റ് രൂപംകൊള്ളുക. തിങ്കളാഴ്ച രാത്രിയോടെ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാസ് ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച ആംഫാന്‍ ചുഴലിക്കാറ്റു പോലെ യാസും അപകടകാരിയായേക്കും.