രാജ്യത്ത് കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം ; എയിംസ് മേധാവി
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയാണ് ഇക്കാര്യം പുറത്തു വിട്ടത്. ആറാഴ്ചയ്ക്കുള്ളില്‍ പരമാവധി ജനങ്ങളില്‍ കോവിഡ് വാക്‌സീന്‍ കുത്തിവയ്ക്കുകയാണ് മൂന്നാം തരംഗത്തിനെ ചെറുക്കാനുള്ള മാര്‍ഗം. കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കുന്നതിനായി ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല. നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്ന വൈറസിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ രാജ്യം ആവിഷ്‌കക്കരിക്കണമെന്നും ഗുലേറിയ പറഞ്ഞു.
‘മൂന്നാം തരംഗം ഒഴിവാക്കാനാവില്ല. ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ അതില്‍ നിന്നും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.’ അതേസമയം കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്റെ സൂചന നല്‍കി പ്രതിദിന കേസുകള്‍ 60,753 ഉം മരണം 1,647 ഉം ആയി. 7,29,243 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 2,87,66,009 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 87,619 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറാന്‍ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ രംഗത്തെത്തിയിരിക്കുന്നത്.