വൈഗയുടെ കൊലപാതകം ; സനു മോഹന്‍ എതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വിവാദമായ എറണാകുളം വൈഗ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട വൈഗയുടെ പിതാവുമായ സനുമോഹന് അറസ്റ്റിലായി എണ്‍പത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. മകള്‍ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പിതാവ് സനുമോഹന്റെ ശ്രമമെന്ന് കുറ്റപത്രത്തിലുണ്ട്.
കടബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാന്‍ സനുമോഹന് ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 97 സാക്ഷികളാണുള്ളത്. മകളെ കൊന്ന ശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ ആണ് നാട് വിട്ടു പോയത് എന്ന് സനു നല്കിയ മൊഴികള്‍ എല്ലാം കളവായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.