വൈഗയുടെ കൊലപാതകം ; സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും

വിവാദമായ വൈഗാ കൊലപാതക കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആണ് സനു മോഹനെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ മഹാരാഷ്ട്രയില്‍ മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. സനു മോഹനായി തിങ്കളാഴ്ച, ട്രാന്‍സിറ്റ് വാറണ്ട് അപേക്ഷ കോടതിയില്‍ മുംബൈ പോലീസ് സമര്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സനു മോഹനെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയി.

മുംബൈ പോലീസിന്റെ നാലംഗ സംഘമാണ് ഇയാളെ കൊണ്ടു പോവാനായി എത്തിയത്. 2017-ലാണ് പുനെയിലെ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് ചെയ്യുന്നതിനിടെയില്‍ ഇവിടുത്തെ ചിട്ടിക്കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുത്ത് പണം നല്‍കാതെ കബളിപ്പിച്ചെന്ന കേസ്. മറ്റ് പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. അവര്‍ക്കും പണം തിരികെ നല്കിയിട്ടില്ല. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. മഹാരാഷ്ട്രയിലെ കേസില്‍ യാതൊരു തുമ്പും കിട്ടാതെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് വൈഗ കേസുമായി ബന്ധപ്പെട്ടു കൊണ്ട് കേരള പൊലീസ് അവിടെയെത്തുന്നത്.

മഹാരാഷ്ട്ര പൊലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു . മൂന്നു കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം അവിടെനിന്ന് മുങ്ങിയ സനു കുറെ നാള്‍ തമിഴ് നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ആ വേളയിലും തന്റെ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും ഇയാള്‍ പണം കടമായി വാങ്ങിയിരുന്നു. എന്നാല്‍ സനു എറണാകുളത്ത് ഫ്ളാറ്റ് വാങ്ങി താമസമായ വിവരം വൈഗയുടെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു ശേഷമാണു പല സുഹൃത്തുക്കളും അറിയുന്നത് തന്നെ.