ലോക്ക് ഡൗണിന്റെ പേരില്‍ കടകള്‍ അടച്ചിടുന്നു ; കോഴിക്കോട് എതിര്‍പ്പുമായി വ്യാപാരികള്‍ രംഗത്ത്

കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കടകള്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും.

തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.വ്യാപാരികളുടെ പ്രതിഷേധത്തെ തള്ളിപ്പറയാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിന്റെ സമയത്ത് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയത്. സര്‍ക്കാര്‍ കണ്ണുതുറക്കണം. വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കടംകയറി ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും വ്യാപാരികള്‍ പറയുന്നു.ബാരിക്കേഡുകള്‍ മറികടന്ന് വ്യാപാരികള്‍ മിഠായിത്തെരുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി.

യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 15 ഓളം പേരെ അറസ്റ്റ് ചെയ്തു. അതേസമയം വ്യാപാരികളുടേത് പ്രകോപനപരമായ സമീപനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സമരങ്ങള്‍ നടത്തേണ്ടത്. സംഘര്‍ഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.