ഗര്‍ഭിണിയായ മുന്‍കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്നു കായലില്‍ തള്ളിയ കാമുകന്‍ അറസ്റ്റില്‍
പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയാണ് കൊല്ലപ്പെട്ടത്. അനിതയുടെ കാമുകന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് ആലപ്പുഴ പള്ളാത്തുരുത്തി ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തില്‍ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകള്‍ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനിതയുടെ ഫോണ്‍ കോളുകള്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തില്‍ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം അനിത ചേര്‍ന്നത്. തുടക്കത്തില്‍ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയുടെ കടന്നു വരവോടെ കീഴ്‌മേല്‍ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടര്‍ന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയില്‍ എത്തുന്നത്. നിലമ്പൂര്‍ സ്വദേശിയാണ് പ്രബീഷ്. ഇയാള്‍ വര്‍ഷങ്ങളായി ആലപ്പുഴയില്‍ താമസിച്ച് വരികയാണ്. രജനിയും മക്കളെ പോലും ഉപേക്ഷിച്ച് പ്രബിഷിന് ഒപ്പം വര്‍ഷങ്ങളായി ഉണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ നിയമപരമായി വിവാഹിതരല്ല. വിവാഹേതര ബന്ധങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു.