ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് മുഖ്യമന്ത്രി ; വ്യാപാരി സമരം മാറ്റി

ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി സമ്മതിച്ചതിനെ തുടര്‍ന്ന് നാളെമുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തില്‍ ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.

നേരത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.ആദ്യമായാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയാറാകുന്നത്. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് കലക്ടറും വിളിച്ചുചേര്‍ത്ത ചര്‍ച്ച മാത്രമാണ് ഇതുവരെ വ്യാപാരികളുമായി ഔദ്യോഗികതലത്തില്‍ നടന്നിട്ടുള്ളത്. എന്നാല്‍, മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് സമരം താല്‍ക്കാലികമായി മാറ്റിവച്ചത്.

വെള്ളിയാഴ്ചത്തെ യോഗത്തില്‍ അനുകൂലമായ സമീപനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് സമിതി. കഴിഞ്ഞ ദിസവം കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചത് വലിയ തോതില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തുടനീളം കടകള്‍ തുറക്കാനായിരുന്നു നീക്കം. എന്നാല്‍, ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങും. വ്യാപാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് കരുതപ്പെടുന്നത്.