വെടിയേറ്റ് മരിച്ച മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനായ വിനീഷ് നിര്‍മ്മാണ തൊഴിലാളിയായിരുന്നു. വിനീഷും മാതാവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല.

അയല്‍വാസികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഇല്ല എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ എന്ന യുവാവ് വെടിവെച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവാവ് ജീവനൊടുക്കുകയായിരുന്നു. മാരക പ്രഹര ശേഷിയുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.