ഫൈനലില്‍ കാലിടറി ; ഗുസ്തിയില്‍ രവികുമാറിന് വെള്ളി, ഇന്ത്യക്ക് അഞ്ചാം മെഡല്‍
രാജ്യത്തിന്റെ സുവര്‍ണ്ണ മോഹങ്ങള്‍ക്ക് തിരിച്ചടി. പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിനെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കാനിയില്ല. രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു.
ഇതിനിടെ രണ്ട് പോയിന്റ് സ്വന്തമാക്കിയ രവികുമാര്‍ ചെരുത്തു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നേരത്തെ നൂറിസ്ലാം സനയേവിനെ തോല്‍പ്പിച്ചായിരുന്നു രവുകുമാര്‍ ഫൈനലില്‍ കടന്നിരുന്നുത്. ടോക്കിയോ 2020 യില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്. അതേസമയം 86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പുനിയക്ക് ഇന്ന് മത്സരമുണ്ട്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനാണ് ദീപകിന്റെ എതിരാളി.