ഓണം ; കേരളത്തില്‍ മൂന്നാഴ്ച ലോക്ക്ഡൗണ്‍ ഇല്ല
വരുന്ന മൂന്നാഴ്ച കേരളത്തില്‍ ഇനി ലോക്ഡൗണില്ല. മൂന്നാഴ്ച കേരളം ഒരു അടവുകളുമില്ലാതെ തുറന്നിടും. ഇന്നു മുതല്‍ ഓണവിപണികള്‍ സജീവമാകും. വെള്ളിയാഴ്ചയാണ് അത്തം. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നേരത്തെ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ ആഗസ്ത് 15നും മൂന്നാം ഓണമായതിനാല്‍ 22 നും ഒഴിവാക്കിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കുവാനും തീരുമാനമായി. സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എങ്കിലും പക്ഷെ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം നിലവില്‍ ഇല്ല.