പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം
പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന നയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ ഓണ്‍ലൈനായി സംസാരിക്കവെയാണ് ഈ നയം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചത്. വാഹനത്തിന്റെ പ്രായം മാത്രമല്ല പൊളിച്ചുമാറ്റലിന്റെ മാനദണ്ഡമെന്നും ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും വാഹനം നിലനിര്‍ത്തണോ പൊളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘10,000 കോടി രൂപയുടെ നിക്ഷേപമാണ് പൊളിക്കല്‍ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ അലാംഗ് നഗരത്തെ ഈ പദ്ധതിയുടെ കേന്ദ്രമാക്കും. ഇപ്പോഴത്തെ പൊളിക്കല്‍ രീതി ഗുണപ്രദമല്ല.’ – പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം 20 വര്‍ഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോ?ഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വര്‍ഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് നീക്കുമ്പോള്‍ വാഹന ഉടയമക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവര്‍ക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോള്‍ രെജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്‌സിലടക്കം ഇളവുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിള്‍ സ്‌ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളാണ് ഇന്ത്യയില്‍ നിരത്തിലോടുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്.
പൊളിക്കല്‍ നയം നിലവില്‍ വരുന്നതോടെ രാജ്യത്ത് അസംസ്‌കൃത വസ്തുക്കള്‍ക്ക് 40 ശതമാനത്തോളം വില കുറയുമെന്നും വാഹന നിര്‍മാണത്തില്‍ ഒരു വ്യവസായ ഹബ്ബായി വളരാന്‍ നയം ഇന്ത്യയെ സഹായിക്കുമെന്നും ഉച്ചകോടിയില്‍ നേരിട്ടു പങ്കെടുത്ത കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങും. 15 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് ഇവിടങ്ങളില്‍ പരിശോധിക്കുക. പൊളിക്കല്‍ നയം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളിലാണ് നടപ്പാക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറി ഗിരിധര്‍ അരമാനെ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഹെവി കമേഴ്സ്യല്‍ വാഹനങ്ങളിലും പിന്നാലെ മറ്റ് സ്വകാര്യ വാഹനങ്ങളിലും ഇത് നടപ്പിലാക്കും. 2024 ജൂണ്‍ മുതല്‍ക്കാവും സ്വകാര്യ വാഹനങ്ങള്‍ പൊളിച്ചുതുടങ്ങുക.