താലിബാന്‍ ; ആദ്യ പ്രതികരണവുമായി ഇന്ത്യ ; സ്വാഗതം ചെയ്തു ചൈന ; ചര്‍ച്ചക്ക് തയ്യാറായി പാക്കിസ്ഥാന്‍

താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവന്‍ അഫ്ഗാന്‍കാര്‍ക്കും പിന്തുണ നല്‍കും എന്നുമാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു.

അതേസമയം താലിബാനെ അംഗീകരിച്ച് ചൈന രംഗത്തു വന്നു. താലിബാന്‍ ഭരണകൂടവുമായി സൗഹൃദത്തിന് തയാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ താലിബാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന. അഫ്ഗാനിലെ ഭരണം താലിബാന്‍ പിടിച്ചെടുത്തതില്‍ ലോകരാഷ്ട്രങ്ങള്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനുമായി 47 കിലോമീറ്റര്‍ അതിര്‍ത്തി ചൈന പങ്കിടുന്നുണ്ട്. ചൈനീസ് സര്‍ക്കാരിനെതിരെ പോരാടുന്ന ഉയ്ഗൂര്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് താലിബാന്‍ സഹായം നല്‍കിയേക്കുമെന്ന ഭയവും ചൈനയ്ക്കുണ്ട്.കഴിഞ്ഞ മാസം താലിബാന്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയ്ഗൂര്‍ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതായാണ് സൂചന.

അഫ്ഗാന്‍ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാനും വ്യക്തമാക്കി. വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. അഫ്ഗാന്‍ ജനതയെ ആഭ്യന്തരയുദ്ധങ്ങളിലേക്ക് തള്ളിവിടരുതെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. പാകിസ്ഥാനും,ചൈനയും അടക്കം താലിബാനോട് മൃദു നയം സ്വീകരിക്കുന്നതിന് പിന്നില്‍ പലവിധ ഘടകങ്ങളുമുണ്ട്. അമേരിക്കയുെട രഹസ്യ സഹായങ്ങള്‍ താലിബാന് കിട്ടാതായതോടെ പാകിസ്ഥനും അവരുടെ രഹസ്യാന്വേഷണ വിഭാഗവുമായ ഐ.എസ്.ഐയും,ചൈനയും ചേര്‍ന്നാണ് താലിബാനെ തീറ്റി പോറ്റിയത്. താലിബാന്‍ തിരിച്ച് വരുന്നതോടെ താലിബാന്റെ തീവ്രവാദിഗ്രൂപ്പുകളെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെ തിരിക്കാന്‍ വളരെ എളുപ്പമാണ്. അത് കൊണ്ട് തന്നെയാണ് ലോകം മുഴുവന്‍ എതിര്‍ക്കുമ്പോഴും ചൈന താലിബാനെ അംഗീകരിക്കുന്നത്. ഇന്ത്യക്കെതിരെയുള്ള ഭീക്ഷണിയാണ് പാകിസ്ഥാന് താലിബാന്‍ അവരെ വളരെ എളുപ്പത്തില്‍ ചട്ടുകങ്ങളാക്കാന്‍ പാകിസ്ഥാനാവും.

വിഷയത്തില്‍ നാറ്റോയുടെ നിലപാട് എന്താണെന്നുള്ളത് ചോദ്യ ചിഹ്നമാണ് ലോക പോലീസ് പട്ടം ലഭിച്ചിരുന്ന അമേരിക്ക താലിബാനെതിരെ കാര്യമായ നിലപാടൊന്നും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷേ അഫ്ഗാനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് വീണ്ടും താലിബാന് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി.