ഈ ചെക്കുബുക്കുകള്‍ക്ക് ഇനി കടലാസിന്റെ വില
ഒക്ടോബര്‍ ഒന്ന് മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ചെക്ക്ബുക്കുകള്‍ സാധുവായിരിക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കാണ് അറിയിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ മാസത്തില്‍ ഈ രണ്ട് ബാങ്കുകളും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ലയന നടപടികള്‍ പുരോഗമിക്കുകയായിരുന്നതിനാല്‍ ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമായിരുന്നു.
നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ഈ ചെക്ക്ബുക്കുകള്‍ അസാധുവായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ ചെക്ക്ബുക്ക് വേണ്ടവര്‍ക്ക് എടിഎം വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോള്‍ സെന്റര്‍ വഴിയോ ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-180-2222 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.








