ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം നാടുവിട്ട വീട്ടമ്മയെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവില്‍ നിന്നും കണ്ടെത്തി. ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് ആറു വര്ഷം മുന്‍പ് വീട്ടമ്മ നാടുവിട്ടത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2015ലാണ് വീട്ടമ്മയെ കാണാതായത്. വീട്ടമ്മ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. വീട്ടമ്മയെ കാണാതായി, അന്വേഷണം നടന്നു വരുന്നതിനിടെയാണ് അടുത്തിടെ ഇവര്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസിന് ലഭിക്കുന്നത്.
ഇതുവഴി നടത്തിയ അന്വേഷണമാണ് വീട്ടമ്മയെ കണ്ടെത്താന്‍ സഹായകരമായതെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളുരുവിലെത്തിയ പൊലീസ് സംഘം വീട്ടമ്മയെയും ഒപ്പം താമസിച്ചിരുന്ന വിമുക്ത ഭടനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇവിടെ കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് ആലപ്പുഴയില്‍ എത്തിച്ചു കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് വീട്ടമ്മ അറിയിച്ചതോടെ, കോടതി അതിന് അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ അവര്‍ വീണ്ടും ബംഗളുരുവിലേക്ക് പോയി.
ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് യുവതി നാടു വിട്ടത്. ആദ്യം ഇവര്‍ മൈസൂര്‍ ചന്നപട്ടണയിലാണ് എത്തിയത്. കാണാതായ വീട്ടമ്മയെ അന്വേഷിച്ച് പൊലീസ് 2015ല്‍ തന്നെ ചന്നപട്ടണയില്‍ എത്തിയിരുന്നു. എന്നാല്‍ യുവതിയെ കണ്ടെത്താനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. പൊലീസ് ചന്നപട്ടണയില്‍ എത്തുമ്പോള്‍ 15 കിലോമീറ്റര്‍ അകലെ രാമനഗര്‍ എന്ന സ്ഥലത്ത് യുവതി ഉണ്ടായിരുന്നു.
ഈ സമയം ഭാഷ അറിയാത്തതിനാല്‍, സമീപവാസികള്‍ പോലും അറിയാതെ, വീട്ടമ്മ വീടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നുവെന്നാണ് വിവരം. വീട്ടമ്മ പിന്നീട് ബംഗളുരുവിലേക്ക് താമസം മാറ്റി. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് ആദ്യ ഭാര്യയായ കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കാണാതാകുമ്പോള്‍ വീട്ടമ്മയ്ക്കും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡയറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇയാള്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.









